SEARCH


Mappittacheri Kavu, Puthilot

Course Image
കാവ് വിവരണം/ABOUT KAVU


Mappittacheri Kavu, Puthilot, Pilicode Panchayath, Kasaragod മാപ്പിട്ടച്ചേരിക്കാവ്, പുത്തിലോട്ട് (കാസറഗോഡ് ജില്ല) ചെറുവത്തൂർ നിന്നും 3 കിലോമീറ്റർ തെക്ക് കിഴക്കായി പുത്തിലോട്ട് എന്ന ഗ്രാമത്തിൽ ശ്രീ മാപ്പിട്ടച്ചേരിക്കാവ് സ്ഥിതിചെയ്യുന്നു. കിഴക്കും പടിഞ്ഞാറും വിശാലമായ നെൽപ്പാടങ്ങളുടെ നടുവിൽ വലിയെരു പച്ചത്തുരുത്തായിരുന്നു പണ്ട് ഈ കാവ്. പടുവളത്തിൽ പരദേവതമാർ ഒരേ പീഠത്തിൽ ഇരിക്കുന്ന മഹാപീഠച്ചേരി എന്ന മാപ്പിട്ടച്ചേരിക്കാവ് ഉത്തര കേരളത്തിലെ കാവുകളിൽ ഏറ്റവും പ്രധാനപെട്ടതാണ്. മീന മാസത്തിൽ പൂരം ആദ്യം വരുകയാണെങ്കിൽ മാപ്പിട്ടച്ചേരിക്കാവിൽ ആ വർഷം കളിയാട്ടം ഉണ്ടാകും. ചിലപ്പോൾ മൂന്നു മുതൽ അഞ്ച് വർഷം വരെ കാത്തിരിക്കണം ഒരു കളിയാട്ടത്തിനു. അവസാനമായി കളിയാട്ടം നടന്നത് 2019-ൽ ലാണ് ഐതീഹ്യം അല്ലോഹലൻ എന്ന അസുരന്റെ ചെയ്തികളിൽ വീർപ്പുമുട്ടിയ പാർവ്വതി ദേവി, അസുര നിഗ്രഹത്തിനായി ഭദ്രകാളിയെ നിയോഗിച്ചു, തുടർന്ന് ഭദ്രകാളി അല്ലോഹലൻ അസുരനെ നിഗ്രഹിക്കുകയും ചെയ്തതായി പുരാണത്തിൽ പറയുന്നു. പിലിക്കോട് രയരമംഗലത്ത് കുടികൊള്ളുന്നത് രൗദ്ര ഭാവത്തിലുള്ള പാർവതി ദേവിയും (രയരമംഗലത്തമ്മ) അവരുടെ മകളായ (ഭദ്രകാളി) അങ്കക്കുളങ്ങര ഭഗവതിയും ആണെന്നാണ് വിശ്വാസം. രയരമംഗലത്തമ്മ മകൾക്കായി ഒരു ആരൂഢവും കൽപ്പിച്ചു നൽകി, അതാണ് മഞ്ഞത്തൂർക്കാവ്. ഈ ഘട്ടത്തിൽ വിഷ്ണുമൂർത്തിയും രക്ത ചാമുണ്ഡിയും രയരമംഗലത്തെത്തുന്നു. ദേവി അവരെ ഉപചാരപൂർവ്വം സ്വീകരിച്ചു മഞ്ഞത്തൂർക്കാവിലേക്ക് അയക്കുന്നു. അസുര വധത്തിന്റെ മനസംഘർഷത്തിൽ നിന്ന് മുക്തമാകാതിരുന്ന അങ്കക്കുളങ്ങര ഭഗവതി തൻ്റെ സമീപത്തെത്തിയ വിഷ്ണുമൂർത്തിയെയും രക്ത ചാമുണ്ഡിയെയും കണ്ടതേയില്ല. അസഹ്യത തോന്നിയ അവർ രണ്ടു പേരും അല്പം കിഴക്കുമാറി മറ്റൊരു സങ്കേതത്തിൽ കുടിപാർത്തു. അതാണ് ഇപ്പോളത്തെ മുണ്ട്യക്കാവ്. ചുറ്റം കാടാൽ മൂടപ്പെട്ട ഒരു ചെറിയ തറ മാത്രേമേ അവിടെയുള്ളൂ. ഇവിടെ കളിയാട്ടം നടക്കാറില്ല. മാപ്പിട്ടച്ചേരിക്കാവിന്റെ അധീനതയിലാണ് ഈ തറയും കാടാൽ ചുറ്റപ്പെട്ട സ്ഥലവും. മുണ്ട്യക്കാവ് എന്നു പേര് ഉണ്ടായിട്ടും ഇവിടെ കാവ് ഇല്ലാ എന്നത് അതിശയിപ്പിക്കുന്നു, ഒരു പക്ഷേ പണ്ട് കാലത്ത് അവിടെ കാവ് ഉണ്ടായിട്ടുണ്ടാകാം, പിന്നീട് കാലക്ഷയം കാരണം കാവ് മൺമറിഞ്ഞിട്ടുണ്ടാകാം, തൊട്ടെടുത്ത് മഞ്ഞത്തൂർ കാവും കുറച്ചു ദൂരെ മാപ്പിട്ടച്ചേരിക്കാവും ഉള്ളത് കൊണ്ട് പിന്നീട് അത് പുനർനിർമ്മിക്കപ്പെടാതിരുന്നതാവാം. തനിക്ക് പറ്റിയ വീഴ്ച മനസിലാക്കിയ അങ്കക്കുളങ്ങര ഭഗവതി അവരുടെ കൂടെ ചേരാനായി മുണ്ട്യക്കാവിലേക്ക് പോയി, പരിഭവം തീരാതെ രക്ത ചാമുണ്ഡി ഇടഞ്ഞു നിന്നുവെങ്കിലും വിഷ്ണുമൂർത്തി ഇരുവരെയും അനുനയിപ്പിച്ചു മൂവരും പടുവളത്തിൽ പരദേവതമാരായി ആണ്ടാൾ നമ്പിയുടെ കൊട്ടാരത്തിൽ എത്തി. പിന്നീട് ആണ്ടാൾ നമ്പിയുടെ കൊട്ടാരത്തിൽ നിന്നും മൂവരും സ്ഥിരമായ ഒരിരിപ്പിടത്തിൽ ആസനസ്ഥരാകുന്നത് മഹാപീഠച്ചേരി എന്ന മാപ്പിട്ടച്ചേരിക്കാവിലാണ്. യുക്തിപരമായി ചിന്തിച്ചാൽ അങ്കക്കുളങ്ങര ഭഗവതിയും വിഷ്ണുമൂർത്തിയും രക്ത ചാമുണ്ഡിയും രയരമംഗലത്തും നിന്നും മഞ്ഞത്തൂർക്കാവിലും അവിടെ നിന്നും മുണ്ട്യക്കാവിലും പിന്നീട് ആണ്ടാൾ നമ്പിയുടെ കൊട്ടാരത്തിലും അവിടെ നിന്നും മാപ്പിട്ടച്ചേരിക്കാവിലും എത്തിയതായി അനുമാനിക്കാം. ബ്രാഹ്മണ സമൂഹം നിരവധി കാലം താമസിച്ചിരുന്ന സ്ഥലമാണ് പുത്തിലോട്ട്. നാലില്ലം തന്ത്രിമാരായിരിന്നു ആദിയിൽ ക്ഷേത്ര കാര്യങ്ങൾ നിർവ്വഹിച്ചു വന്നത്. അവരുടെ അവസാന നാളുകളിൽ ഒരു ദിവസം ക്ഷേത്രകാര്യങ്ങൾ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ആദ്യം കണ്ടു മുട്ടിയ പുതിയെടത്തീയ്യനെയാണ് ക്ഷേത്രകാര്യങ്ങളുടെ ചുമതല ഏൽപ്പിച്ചത്. പിന്നീട് അവർ കുടിയൊഴിഞ്ഞു പോകുമ്പോൾ കാവിന്റെ താക്കോൽ ഒരാൾക്കും (അയാൾ പിന്നീട് അന്തിതിരിയൻ എന്നറിയപ്പെട്ടു), കർമ്മത്തിനു അധികാരം മറ്റൊരാൾക്കും നൽകി (അയാൾ പിന്നീട് എബ്രോൻ എന്നും അറിയപ്പെട്ടു) അടിയന്തരവും കളിയാട്ടവും നടക്കുന്ന ദിവസങ്ങളിൽ മാത്രമേ കാവിൽ ദീപം വെക്കൂ, കാവുകളിലും പള്ളിയറകളിലും കർമ്മത്തിനാവകാശി അന്തിതിരിയൻ ആണെന്നിരിക്കെ മാപ്പിട്ടച്ചേരിക്കാവിൽ മാത്രം എബ്രോൻ കർമ്മം ചെയ്യുന്നു എന്നത് അവിടെത്തെ പ്രത്യേകത ആണ്. അടിയന്തരങ്ങൾ വകപ്പടി അടിയന്തരങ്ങൾ നാലാണ് മാപ്പിട്ടച്ചേരിക്കാവിൽ കർക്കിടത്തിൽ (July-Aug) മുദ്ര അടിയന്തരം, തുലാവത്തിൽ(Oct Second part) പുത്തരി അടിയന്തരം, മീനത്തിൽ (Mar-April) പൂരം, മേടത്തിൽ (Apr-May) കാൽ കളിയാട്ടം. പതിവടിയന്തരങ്ങൾ കൂടാതെ കുറി അടിയന്തരം വടക്കേ വാതിൽ അടിയന്തരം എന്നീ പ്രാർത്ഥന അടിയന്തരങ്ങളും മാപ്പിട്ടച്ചേരികാവിൽ ഉണ്ട്. കൃഷി കാര്യങ്ങൾക്കും കുടുംബ സമാധാനത്തിനും ശത്രു ദ്രോഹത്തിനുമൊക്കെ കാവിന്റെ പരിധിയിലുള്ള സ്ഥലങ്ങളിൽ നിന്നും പ്രാർത്ഥന അടിയന്തരത്തിനു കുറിപ്പുമായി വരും. പ്രാർത്ഥന അടിയന്തരങ്ങൾക്ക് ഒരു നിശ്ചിത തുകക്ക് രസീത് മുറിക്കണം. പുത്തരിയടിയന്തരം തുലാവം (Oct 15/16) പിറക്കുന്ന സംക്രമത്തിനാണ് മാപ്പിട്ടച്ചേരി കാവിലെ പുത്തരിക്കുള്ള ദിവസവും മുഹൂർത്തവും കുറിക്കുന്നത്. അന്ന് തന്നെയാണ് അന്തിത്തിരിയനെയും എബ്രോനെയും സഹായിക്കുന്നതിന് വാല്യക്കാരിൽ നിന്നും രണ്ടു കൂട്ടുവായ് തീരുമാനിക്കുന്നതും. തുലാം ഒന്നാം ദിവസം കൂട്ടുവായിക്കാർ കൂട്ടയും വടിയുമായി പുത്തരിക്കുള്ള പിരിവ് ആരംഭിക്കും. ഒന്നാം ദിവസം കോയ്മയുടേയും അകമ്പടിയുടേയും വീട്ടിലും രണ്ടാം ദിവസം ചെറുവത്തൂർ കുട്ടമത്ത് കൊടക്കൽ തറവാടിലുമാണ് പിരിവ്, ഇവിടങ്ങളിൽ കൂട്ടുവായിക്കാർ രണ്ടുപേരും ഒരുമിച്ചെത്തണം പിന്നീട് ഉള്ള ദിവസങ്ങളിൽ ഓരോരാൾ മാത്രമായി പോയി പിരിവെടുക്കും. മാപ്പിട്ടച്ചേരി കാവിൽ നടക്കുന്ന പുത്തരി ചടങ്ങുകൾ അകത്തെ പുത്തരിയെന്നും പിന്നീട് രാത്രിയിൽ മുണ്ട്യക്കാവിൽ നടക്കുന്ന ചടങ്ങുകൾക്ക് പുറത്തെ പുത്തരിയെന്നും വിളിക്കുന്നു. മീന പൂരം പുണർതം നക്ഷത്രം മുതൽ അഞ്ചു പൂരമാണ് മാപ്പിട്ടച്ചേരിക്കാവിൽ. പൂരകുഞ്ഞുങ്ങളെയും പൂരക്കളി പണിക്കരെയും തീരുമാനിക്കുന്നത് കാവിനകത്തെ കളരിക്കാൽ തറയിലാണ്. കാവിലെ ആചാരക്കാരുടെ തറവാട്ടിൽ നിന്നുള്ള പത്തുവയസിനു താഴയുള്ള രണ്ടു പെണ്കുട്ടികളെയാണ് പൂരകുഞ്ഞുങ്ങളായി നിശ്ചയിക്കുന്നത്. ഈ തറവാടുകളിൽ കുട്ടികൾ ഇല്ലെങ്കിൽ മറ്റു തറവാടുകളിലുള്ള കുട്ടികളെ പരിഗണിക്കുന്നു. ഓരോ ദിവസവും ഉച്ചതിരിഞ്ഞാൽ പൂരാഘോഷത്തിനു തുടക്കമാകും. ക്ഷേത്രക്കുളത്തിൽ പൂര പന്തൽ ഒരുക്കുന്നു. എല്ലാ ദിവസവും പൂരക്കളി ഉണ്ടാകും. പൂരം കഴിഞ്ഞു രണ്ടാം ദിവസം പൂവടിക്കൽ എന്നൊരു ചടങ്ങുണ്ട് കാവും പരിസരവും അടിച്ചു വൃത്തിയാക്കി സംശുദ്ധമാക്കലാണ് ഇതിനെ കൊണ്ട് ഉദ്ദേശിക്കുന്നത്. തെയ്യം കളിയാട്ടം കഴിഞ്ഞതിന്റെ രണ്ടാം ദിവസം ഇത് പോലെ കരി അടിക്കൽ ചടങ്ങും നടക്കുന്നു കളിയാട്ടം മീനമാസത്തെ പൂരത്തെ ആശ്രയിച്ചാണ് ഇവിടത്തെ കളിയാട്ടം. ഒരു കളിയാട്ടം കഴിഞ്ഞു മൂന്നാം വര്ഷം വീണ്ടും പൂരം നേരത്തെ വന്നാൽ അവിടെ കളിയാട്ടം. ഇനി പൂരം വരുന്നത് നാലാമത്തെയോ അഞ്ചാമത്തെയോ വർഷമാണെന്നിരിക്കെട്ടെ എന്നാൽ കളിയാട്ടം ആ വർഷങ്ങളിൽ മതി. അഞ്ചു വർഷത്തിൽ കൂടുതലായാൽ പിന്നെ കലശാട്ട് കഴിച്ചിട്ടേ കളിയാട്ടം നടത്താൻ പറ്റു, കളിയാട്ടം നടക്കുന്നത് മേട 5 മുതൽ 10 വരെയാണ്. പൂരം നേരത്തെ, മീനം പത്തിനു മുൻപേ (മാർച്ച് മാസം പകുതിക്ക് ശേഷം) വരികയാണെങ്കിൽ മേടം 5 (ഏപ്രിൽ 19 / 20) ആരംഭിക്കേണ്ട കളിയാട്ടത്തിനു ഒരുക്കങ്ങൾ ചെയ്യാൻ വേണ്ടുന്ന സമയം ലഭിക്കുന്നു. ഇതാണ് ഇങ്ങനെ ഒരു തീരുമാനത്തിന് കാരണം എന്നു അനുമാനിക്കാം. തെയ്യങ്ങൾ അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി രക്ത ചാമുണ്ഡി, മുത്തശ്ശി തെയ്യം, പടവീരൻ തെയ്യം എന്നീ തെയ്യങ്ങളാണ് മാപ്പിട്ടച്ചേരികാവിൽ കെട്ടിയാടുന്നത്. മൂവർ പരദേവതമാരായ അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി രക്ത ചാമുണ്ഡി തെയ്യങ്ങൾ രണ്ടാം ദിവസം മുതൽ അവസാന ദിവസം വരെ കെട്ടിയാടും. നാലാം ദിവസം അർദ്ധരാത്രിയിലാണ് മുത്തശ്ശി തെയ്യം കെട്ടിയാടുന്നത്. ഐതീഹ്യ ഇങ്ങനെ : ഗർഭിണിയായ ഒരു സ്ത്രീ കാവിനകത്ത് കടന്നു ഇത് മൂവർ പരദേവതമാർക്ക് ഇഷ്ടപെട്ടില്ല, അതിനാൽ സ്ത്രീക്ക് ബോധക്ഷയമുണ്ടായി തൽക്ഷണം മരണപ്പെടുകയും ചെയ്തു. പരദേവതമാരെ വിളിച്ചു കൊണ്ടാണ് അവർ മരണത്തെ എതിരേറ്റത്. മൂവരും ആ വിളികേട്ടപാടെ അവരെ മുത്തശ്ശി തെയ്യമായി കെട്ടിയടിക്കാൻ ആജ്ഞാപിച്ചു. പൊതുവേ ഈ കാവിൽ ഫോട്ടോഗ്രാഫി അനുവദനീയമല്ലാത്തതിനാൽ മുത്തശ്ശി തെയ്യത്തിന്റെ ഫോട്ടോ കിട്ടാൻ ബുദ്ധിമുട്ടാണ്. കോലത്തിന് മേൽ കോലമാണ് ഈ തെയ്യം കലശക്കാരെന്റെ തറവാടുകാരും കുറ്റിയാട്ട് തറവാടുകാരും ചേർന്നാണ് ഈ കെട്ടിയാടിക്കേണ്ടത്. പണ്ട് കാലങ്ങളിൽ സ്ത്രീകൾക്ക് ഈ തെയ്യം കാണാൻ പറ്റില്ല, എന്നാൽ ഇന്ന് അവരും കാണുന്നു. മറ്റൊരു തെയ്യമായ പടവീരൻ പടപ്പള്ളി നായരെ അനുസ്മരിച്ചാണ് കെട്ടിയാടുന്നത്. ഈ തെയ്യം നാടിന്റെ സംരക്ഷകൻ എന്ന നിലയിൽ ഊരു ചുറ്റാൻ പോകാറുണ്ട് മുദ്ര അടിയന്തരവും നായാട്ടടിയന്തരങ്ങളും കാവിനകത്ത് പ്രധാന ചടങ്ങുകൾ നടക്കുമ്പോൾ ദേവ പ്രീതിക്കായി കല്പിച്ചിട്ടുള്ളതാണ് മുദ്ര അടിയന്തരം. കർക്കിടക മാസത്തിലാണ് മുദ്ര അടിയന്തരം നടക്കുന്നത്. കർക്കിടക മാസത്തിലെ ഒരു കൊടി ദിവസം (ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളെയാണ് കൊടി ദിവസങ്ങൾ എന്ന് പറയുന്നത്) ആണ്ടാൾ നമ്പിയുടെ തറവാടിൽ വെച്ച് നായാട്ടിനുള്ള ദിവസം കുറിക്കുന്നു, ദിവസം കുറിക്കുന്നത് ഞായറാഴ്ച ആണെങ്കിൽ നായാട്ട് ചൊവ്വ ആഴ്ച നടക്കും, നായാട്ടിന് പോകുന്നതിനു മുൻപ് കരിവെള്ളൂർ ശിവന് 11 ഇളനീർ പൊളിച്ചു സമർപ്പിച്ചു ഉച്ചയോടു കൂടി മുണ്ട്യക്കാവിൽ എത്തും. അവിടെ നിന്നും കോയ്മയും വാല്യക്കാരും ആചാരക്കാരും കാടായാൻ സങ്കൽപ്പിച്ചു തൊട്ടടുത്തുള്ള കുന്നു കയറി കൂട്ടുവായിക്കാർ മൂന്നു തലവിളി (നായാട്ടു വിളി) കൊടുക്കും. പണ്ട് കാലത്ത് ശരിക്കും നായാട്ട് ഇവിടെ നടന്നതായി പറയപ്പെടുന്നു. ആ കാലത്ത് നായാടി കിട്ടുന്ന മൃഗത്തെയും പേറി രയരമംഗലം വടക്കേം വാതിലിലെ ക്ഷേത്ര നടയിൽ കെട്ടിത്തൂക്കും. ബപ്പിടൽ (മാംസം ഓഹരി വെക്കൽ) ചടങ്ങ് ഇവിടെ വെച്ചാണ് നടക്കുന്നത്. ആദ്യ നായാട്ടിനു ശേഷം മുദ്ര അടിയന്തരത്തിനുള്ള ദിവസം കാണും. മുദ്ര അടിയന്തരത്തിനു ശേഷം കർക്കിടത്തിൽ മൂന്ന് നായാട്ടു കൂടി നടക്കും. കർക്കിടക മാസത്തിലെ 4 നായാട്ടു കൂടാതെ മേടം, മിഥുനം, ചിങ്ങം എന്നീ മാസങ്ങളിൽ മൂന്ന് വീതം നായാട്ട് നടക്കുന്നു. മൊത്തം 13 നായാട്ട് ഇപ്പോളും നടക്കുന്നു. കാലിച്ചാനൂട്ട് തുലാം പത്തിന് കാലിച്ചാനൂട്ട് നടത്താറുണ്ട് ഇവിടെ. നാട്ടുകൂട്ടത്തിന്റെ കന്നുകാലികൾക്ക് ആരോഗ്യവും ഐശ്വര്യവും കാംക്ഷിച്ചു കൊണ്ടാണ് കാലിച്ചാനൂട്ട് നടത്തുന്നത്. അന്തിത്തിരിയനും കൊടക്കാരനും ചേർന്നാണ് കാലിച്ചാനൂട്ട് നടത്തേണ്ടത്. നാട്ടെഴുന്നള്ളത്ത് കളിയാട്ട വിവരം നാട്ടുകാരെയറിക്കാൻ വെളിച്ചപ്പാടും വല്യക്കാരും ആചാരക്കാരും കോയ്മയും അകമ്പടിയുമൊക്കെയായി സകുടുംബം ഊരു ചുറ്റലാണ് നാട്ടെഴുന്നള്ളത്ത്. ഉദയംകുന്ന് മുതൽ ഒളവറക്കടവ് വരെയുള്ള സ്ഥലങ്ങളിലുള്ള വീടുകളിൽ എഴുന്നള്ളിച്ചു ചെല്ലാൻ അധികാരമുണ്ട്. പൂരം കഴിഞ്ഞ് നല്ലൊരു കൊടിയാഴ്ച നോക്കി ഏളത്ത് (എഴുന്നള്ളത്ത്) പുറപ്പെടും. മാരി മാറ്റൽ ചടങ്ങോടെ ഏളത്തിനു പരിസമാപ്തി ആകും. മാരികളും ബാധകളും ഒഴിഞ്ഞു പോകുന്നതിന് കോഴികളെ ബലിയർപ്പിക്കുന്ന ചടങ്ങാണ് മാരി മാറ്റൽ. കോയ്മയും അകമ്പടിയും പിന്നെ സ്ഥാനികരും ആണ്ടാൾ നമ്പിയുടെ (നമ്പി=ജാതിയിൽ നമ്പ്യാർക്ക് സമം) പരമ്പരയിൽ പെട്ടവരായിന്നു ആദിയിൽ മാപ്പിട്ടച്ചേരികാവിന്റെ കോയ്മ സ്ഥാനം വഹിച്ചിരുന്നത്, പിന്നീട് അത് നാരമംഗലത്ത് പത്തായപ്പുരയിൽ തറവാട്ടുകാരായി. ഇപ്പോളത്തെ കോയ്മ ഭാസ്കരൻ നമ്പി ആണ്. പയ്യാടക്കത്ത് വലിയ വീട്ടുകാരാണ് അകമ്പടി. സ്ഥാനികർ : അന്തിത്തിരിയൻ (കുഞ്ഞിരാമൻ), എബ്രോൻ (ഭാസ്കരൻ), കലേക്കാരൻ (കലശക്കാരൻ), കൊടക്കാരൻ, വെളിച്ചപ്പാട് (മൂന്ന്), കൂട്ട്വായിക്കാർ (രണ്ടു), പ്രവൃത്തിക്കാർ (രണ്ടു) എന്നിങ്ങനെയാണ് മാപ്പിട്ടച്ചേരിക്കാവിലെ സ്ഥാനികർ. കൂടാതെ അഞ്ഞൂറോളം വാല്യക്കാരും കൂടെയുണ്ട്. മാപ്പിട്ടച്ചേരിക്കാവുമായി ബന്ധപ്പെട്ടുകിടക്കുന്ന കാവുകളും തറവാടുകളും ദയരമംഗലം, മഞ്ഞത്തൂർ കാവ്, മുണ്ട്യകാവ്, ഒളവറ മുണ്ട്യ, കയ്യൂർ മുണ്ട്യ, തടിയൻ കൊവ്വൽ മുണ്ട്യ, കരക്കക്കവ് ഭഗവതി കാവ്, ആണ്ടാൾ തറവാട്, മാപ്പിട്ടച്ചേരി ഭണ്ഡാരപ്പുര, എബ്രോൻ തറവാട്, മൂലക്കാൽ തറവാട്, മീത്തലെ തറവാട്, പരങ്ങേൻ തറവാട്, കലേക്കാരൻ തറവാട്, തലക്കോടൻ തറവാട്, കൊടക്കൽ തറവാട്, കാഞ്ഞിരിക്കീൽ തറവാട്, മീത്തലെപുരയിൽ തറവാട്, കുറ്റിയാട്ടൂ തറവാട്. മാപ്പിട്ടച്ചേരിക്കാവ് ചിന്തകൾ കാസറഗോഡ് ജില്ലയിലെ പിലിക്കോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് പുത്തിലോട്ട്. പുത്തിലോട്ട് ഗ്രാമത്തിലാണ് പ്രസിദ്ധമായ മാപ്പിട്ടച്ചേരിക്കാവും, അനുബന്ധ കാവുകളായ മഞ്ഞത്തൂർ കാവും, മുണ്ട്യക്കാവും സ്ഥിതിചെയ്യുന്നത്. കൂടാതെ ഈ കാവുകളുമായി ബന്ധപ്പെട്ട് കുറെ തറവാട് ദേവസ്ഥാനങ്ങളും ഉണ്ട്. എല്ലായിടത്തും മൂവർ പരദേവതമാറാണ് കൊടികൊള്ളുന്നത്. മാപ്പിട്ടച്ചേരിക്കാവിനെ കുറിച്ച് അറിയാൻ ആദ്യം എത്തിച്ചേർന്നത് എംബ്രോൻ എന്ന സ്ഥാന പേരുള്ള കാവിലെ കർമ്മിയായ ശ്രീ ഭാസ്കരൻ എംബ്രോന്റെ അടുത്താണ്. പഴയ തറവാടിനോട് ചേർന്ന് ഒരു ചെറിയ വീട്ടിലാണ് എംബ്രോനും ഭാര്യയും താമസിക്കുന്നത്. തറവാട് അടിച്ചു തെളിച്ചു വിളക്ക് വെച്ച് അടുത്ത അവകാശി വരുന്നത് വരെ സംരക്ഷിക്കേണ്ടത് ഇവരുടെ ചുമത ലയാണ്. എംബ്രോന്റെ രണ്ടു പെൺ മക്കളും കല്യാണം കഴിഞ്ഞു ഭർത്താക്കമാരുടെ വീട്ടിലാണ്. തൊട്ടെടുത്ത് തന്നെ അന്തിത്തിരിയന്റെ തറവാടായ ഭണ്ഡാരപുരയും ഉണ്ട്. നൂറിലേറെ വര്ഷം പഴക്കമുള്ള മാപ്പിട്ടച്ചേരികാവ് ഭണ്ഡാരപ്പുര സംരക്ഷിക്കുന്നത് ഇപ്പോളത്തെ അന്തിത്തിരിയൻ ശ്രീ കുഞ്ഞിരാമൻ അവരുകളാണ്. എംബ്രോന്റെ കൂടെ മാപ്പിട്ടച്ചേരിക്കാവിന്റെ അടുത്തുള്ള കാവുകളിലും തറവാട് ദേവസ്ഥാനങ്ങളിലും സന്ദർശിക്കുവാൻ അവസരമുണ്ടായി. മാപ്പിട്ടച്ചേരിക്കാവിൽ ഫോട്ടോഗ്രാഫി അനുവദനീയമല്ലാത്തതിനാൽ അവിടെ പോകാൻ പറ്റിയില്ല. മുന്നേ കയ്യിലുണ്ടായിരുന്ന കുറച്ചു ഫോട്ടോകൾ ഇതോടൊപ്പം കൊടുക്കുന്നു. മാപ്പിട്ടച്ചേരിക്കാവിന്റെ പരിസരങ്ങളിൽ പഴയതും പുതുക്കിപണിതതുമായ കുറെ വലിയ തറവാട് ദേവസ്ഥാനങ്ങൾ ഉണ്ട്, കവുമായി ബന്ധപ്പെട്ട കുറെ തറവാടുകാരുടെ കൈവശമാണ് ഇവയെങ്കിലും, ദേവചൈതന്യം കുടികൊള്ളുന്ന ഈ സ്ഥലങ്ങളൊന്നും ഇവർക്ക് കൈമാറ്റം ചെയ്യുവാനോ, കുടുംബകാര്യങ്ങൾക്ക് ഉപയോഗിക്കുവാനോ സാധിക്കില്ല. പല തറവാടുകളിലും കളിയാട്ടങ്ങൾ നടന്നിട്ട് വർഷങ്ങളായി, ഇനി എപ്പോൾ നടക്കുമെന്നും അറിയില്ല. സൗകര്യങ്ങളോട് കൂടിയുള്ള വലിയ രണ്ടു തറവാട് കെട്ടിടങ്ങൾ ഉണ്ടായിട്ടും എംബ്രോനും അന്തിത്തിരിയനും കഴിയുന്നത് തറവാടിനോട് ചേർന്ന് നിർമ്മിച്ച ചെറിയ ഒറ്റ മുറി വീട്ടിലാണ്. ഇവിടെ തുടങ്ങുന്നു ദൈവത്തിന്റെ പ്രതിനിധികളായ ഇവരുടെ ത്യാഗത്തിന്റെ കഥ. Google Links – Mappittacheri Kavu - https://goo.gl/maps/18bES2fJooyBATyQ6 Manjathur Kavu - https://goo.gl/maps/A2HWSrgASy8v2Z1e9 Mappittacheri Kavu Bandarappura - https://goo.gl/maps/hgFXzWRxMTFHf2TJ8 @santhoshvengara 9495074848





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848